Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HinduKushHimalayanRegion

നേപ്പാൾ ദുരന്തം: മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ട്; ഗവേഷണഫലം പുറത്തുവന്നത് മാർച്ചിൽ

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ൽ വി​നാ​ശ​ക​ര​മാ​യ പ്ര​കൃ​തി​ദു​ര​ന്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നു മു​ന്ന​റി​യി​പ്പു​ന​ൽ​കു​ന്ന ര​ണ്ടു ഗവേഷണഫലങ്ങൾ പു​റ​ത്തു​വ​ന്നി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഹി​ന്ദു കു​ഷ് ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലെ ഹി​മാ​നി​ക​ൾ വേ​ഗ​ത്തി​ൽ ഉ​രു​കു​ക​യാ​ണെ​ന്നും ര​ണ്ടാ​യി​ര​ത്തി​നു​ശേ​ഷം മ​ഞ്ഞു​രു​ക​ലി​ന്‍റെ തോ​ത് ഇ​ര​ട്ടി​യാ​യെ​ന്നും അ​തീ​വ​ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണു നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഇ​ന്‍റ​ർ​ഗ​വ​ൺ​മെ​ന്‍റ​ൽ നോ​ള​ജ് ആ​ൻ​ഡ് ലേ​ണിം​ഗ് സെ​ന്‍റ​ർ ആ​ണ് ഈ ​പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ഇ​ന്ത്യ, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നതാണ് നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റർ ഫോ​ർ ഇന്‍റ​ഗ്രേ​റ്റ​ഡ് മൗ​ണ്ട​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് (ഐസിഐഎംഒഡി). മാർച്ചിലാണ് സം​ഘ​ട​ന ര​ണ്ടു പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 1975 മു​ത​ൽ ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലെ ഹി​മാ​നി​ക​ളു​ടെ ക​നം 27 മീ​റ്റ​റോ​ളം കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഏ​ഷ്യ​യു​ടെ വാ​ട്ട​ർ ട​വ​റു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഹി​മാ​നി​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന താ​ഴ്‌​വ​ര​ക​ളി​ലെ കോടിക്കണക്കിനു ജ​ന​ങ്ങ​ൾ​ക്കുള്ള അ​പ​ക​ടസൂ​ച​ന​യാ​യി​രു​ന്നു റിപ്പോർട്ട്.

മി​ന്ന​ൽ പ്ര​ള​യ​ത്തിന്‍റെ കാ​ര​ണം കണ്ടെത്താനുള്ള ശ്രമത്തിലാണു ഗ​വേ​ഷ​കർ. 4,000 മീ​റ്റ​റി​ലേറെ ഉ​യ​ര​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​താ​ണ് ദുരന്തിന്‍റെ പ്ര​ധാ​ന​കാ​ര​ണമായി ചൂ​ണ്ടി​ക്കാ​ണിക്കുന്നത്. ആ​ഗോ​ള​താ​പ​ന​മാ​ണ് മു​ൻ​പ് മ​ഞ്ഞു​വീ​ഴ്ച ല​ഭി​ച്ചി​രു​ന്ന ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നും ഇ​ത് ഹി​മാ​നി​ക​ൾ അ​തി​വേ​ഗം ഉ​രു​കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്നു​വെ​ന്നും വാ​ഡി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹി​മാ​ല​യ​ൻ ജി​യോ​ള​ജി​യി​ലെ ശാ​സ്ത്ര​ജ്ഞ​രും വ്യ​ക്ത​മാ​ക്കു​ന്നു.

ഐസിഐഎംഒഡി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, 1990 നും 2020 ​നും ഇ​ട​യി​ലു​ള്ള മു​പ്പ​തു വ​ർ​ഷ​ത്തി​നി​ടെ ഹി​ന്ദു കു​ഷ് ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലെ ഹി​മാ​നി​ക​ളു​ടെ മൊ​ത്തം വി​സ്തൃ​തി​യു​ടെ 12 ശ​ത​മാ​ന​വും മ​ഞ്ഞു​ശേ​ഖ​ര​ത്തി​ന്‍റെ ഒന്പതു ശ​ത​മാ​ന​വും ന​ഷ്ട​പ്പെ​ട്ടു. പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ 38 ഹി​മാ​നി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ൾ 2000-മാ​ണ്ടി​നു ശേ​ഷം ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലെ ഹി​മാ​നി​ക​ളു​ടെ നാ​ശം ഇ​ര​ട്ടി​യാ​യെ​ന്നു ഗവേഷകർക്കു ക​ണ്ടെ​ത്താൻ കഴിഞ്ഞു. അതേസമയം, വ​ൻ​തോ​തി​ൽ ഹി​മാ​നി​ക​ളു​ള്ള ക​ര​കോ​റം, സി​ക്കിം, സാ​ൻ​സ്ക​ർ, ഭൂ​ട്ടാ​ൻ തു​ട​ങ്ങി​യ പ​ല മേ​ഖ​ല​ക​ളി​ലും ആ​വ​ശ്യ​ത്തി​നു നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു വി​വ​ര​ശേ​ഖ​ര​ണ​ത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നേ​പ്പാ​ളി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​നു പി​ന്നി​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തു​ണ്ടാ​യ മ​ഞ്ഞും പാ​റ​യും ചേ​ർ​ന്നു​ള്ള ഇ​ടി​ഞ്ഞു​വീ​ഴ്​ചയാകാമെന്നു ഗ​വേ​ഷ​ക​ർ അഭിപ്രായപ്പെടുന്നു. വ​ലി​യ തോ​തി​ൽ മ​ഞ്ഞും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും ഭോ​ട്ടെ കോ​ശി ന​ദി​യു​ടെ ഉ​പ​ന​ദി​യാ​യ ലെ​ൻ​ഡേ ഖോ​ല​യി​ലേ​ക്കു പ​തി​ക്കു​ക​യും, ഇ​തു വ​ൻ​തോ​തി​ൽ വെ​ള്ള​വും ചെ​ളി​യും പാ​റ​ക​ളും കുത്തിയൊഴുകാൻ കാരണമായെന്നുമാണു വിലയിരുത്തൽ. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം മ​ഞ്ഞു​പാ​ളി​ക​ൾ കു​റ​യു​ക​യും ഹി​മാ​നി​ക​ൾ പി​ൻ​വാ​ങ്ങു​ക​യും ചെ​യ്യു​മ്പോ​ൾ, പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ പു​റ​ത്തു​വ​രു​ക​യും അ​വ കൂ​ടു​ത​ൽ ചൂ​ട് ആ​ഗി​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു. ഇ​തു പർവതനിരകളെ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​മെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഹിമാനികളുള്ളത് ഹി​ന്ദു കു​ഷ് ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലാ​ണ്. 55,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല​ധി​കം പ​ര​ന്നു​കി​ട​ക്കു​ന്ന 63,700-ല​ധി​കം ഹി​മാ​നി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ശാ​സ്ത്രീ​യ മു​ന്ന​റി​യി​പ്പു​ക​ൾ വ​രാ​നി​രി​ക്കു​ന്ന വ​ലി​യ കാ​ലാ​വ​സ്ഥാദു​ര​ന്ത​ങ്ങ​ളു​ടെ വ്യാ​പ്തി​യാ​ണു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Latest News

Corehub Up